അടയ്ക്കുക

തേക്കടി പെരിയാർ കടുവാ സങ്കേതം

ദിശ

തേക്കടി എന്നു കേൾക്കുമ്പോൾത്തന്നെ ആനക്കൂട്ടങ്ങൾ, അനന്തമായ മലനിരകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ എന്നിവയാണ് സന്ദർശകരുടെ മനസ്സിൽ ഓടിയെത്തുന്നത്. തേക്കടിയിലെ പെരിയാർ വനങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നാണ്. മനോഹരമായ ഭൂപ്രകൃതിയും മലനിരകളും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും നിറഞ്ഞ ഈ പ്രദേശം ട്രെക്കിംഗിനും മലകയറ്റത്തിനും പ്രസിദ്ധമാണ്.

പെരിയാർ വനത്തിന്റെ ധന്യത

സസ്യജാലം

171 ഇനം പുല്ലു വർഗ്ഗങ്ങളും 143 ഇനം ഓർക്കിഡുകളും ഉൾപ്പെടെ 1965 ൽപ്പരം തരം പൂച്ചെടികൾ ഇവിടെ വളരുന്നു. പെഡകാർപസ് വോളീഷ്യാനസ് എന്ന ശാസ്ത്രനാമമുള്ള കോണിഫർ എന്നറിയപ്പെടുന്ന സസ്യം ദക്ഷിണേന്ത്യയിൽ പെരിയാർ ടൈഗർ റിസർവിന്റെ കാടുകളിൽ മാത്രം വളരുന്നവയാണ്.

ജന്തുജാലം

സസ്തനികൾ : ഏഷ്യൻ ആന, ബംഗാൾ കടുവ, കാട്ടുപോത്ത്, മ്ലാവ്, ചെന്നായ്, പുള്ളിപ്പുലി, കേഴ മാൻ, നീർ നായ മുതലായ 60 ൽപ്പരം സസ്തനികളെ പെരിയാർ തടാകത്തിലൂടെയുള്ള ബോട്ടിംഗിനിടയിൽ കാണാൻ സാധിക്കും. കൂടാതെ ഉയർന്ന കൽക്കൂട്ടങ്ങളിൽ വരയാടുകളും ഉൾവനങ്ങളിൽ സിംഹവാലൻ കുരങ്ങുകളും കാണപ്പെടുന്നു. ബോട്ട് ലാൻഡിംഗ് പ്രദേശത്ത് കുരങ്ങുകളും ധാരാളമായി ഉണ്ട്.

പക്ഷികൾ : ഇവിടെ കുടിയേറ്റക്കാരുൾപ്പെടെ 265 ഇനം പക്ഷികൾ ഉണ്ട്. കോഴിവേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ, കാട്ടുഞ്ഞാലി എന്നീ പക്ഷികൾക്കു പുറമേ പലതരം കാക്കകളും മരംകൊത്തികളും കുരുവികളും ചിലപ്പൻ പക്ഷികളും മനോഹരമായ തീക്കാക്കകളും ഇവിടെ ധാരാളം കാണപ്പെടുന്നു.

ഇഴജന്തുക്കൾ : മൂര്‍ഖന്‍, അണലി, വള്ളിക്കെട്ടൻ എന്നീ വിഷപ്പാമ്പുകൾക്കു പുറമേ വിഷമില്ലാത്ത പാമ്പുകളും ഉടുമ്പുകളും ഈ പ്രദേശത്ത് കാണപ്പെടുന്നു.

ഉഭയജീവികൾ: പച്ചത്തവള, മണവാട്ടിത്തവള, മരത്തവള തുടങ്ങിയ വിവിധ തരം തവളകളും പലതരം മണ്ണിരകളും ഇവിടെ കാണപ്പെടുന്നു.

തോട്ടങ്ങൾ: തേയില, ഏലം, കുരുമുളക്, കാപ്പി മുതലായ തോട്ടങ്ങൾ ടൈഗർ റിസർവ്വിനു സമീപത്തായി ഉണ്ട്

നിരീക്ഷണ ടവറുകൾ : വന്യജീവികളെ അടുത്തുകാണുന്നതിനും നിരീക്ഷിക്കുന്നതിനുമായി പെരിയാർ ടൈഗർ റിസർവിനുള്ളിൽ ഏതാനും വാച്ച് ടവറുകളും ഉണ്ട്. ഇതിലേയ്ക്കുള്ള റിസർവേഷൻ തേക്കടിയിലെ ഫോറസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ നടത്താം. ഫോൺ: ++ 91- 4869 – 222027

ചിത്രസഞ്ചയം

  • പെരിയാർ ബോട്ടിങ് തേക്കാടി
    തേക്കടി പെരിയാർ തടാകത്തിലെ ബോട്ടിംഗ്
  • Periyar Wildlife sanctuary Thekkady Bison
    തേക്കടി പെരിയാർ വന്യജീവി സങ്കേതത്തിലെ കാട്ടുപോത്തുകൾ
  • Thekkady boat landing
    തേക്കടി ബോട്ട് ലാൻഡിംഗ്

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

140 കിലോമീറ്റർ യാത്രചെയ്താൽ മധുര വിമാനത്താവളത്തിലെത്താം 190 കിലോമീറ്റർ യാത്രചെയ്താൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്താം

ട്രെയിന്‍ മാര്‍ഗ്ഗം

സമീപ റെയിൽവേ സ്റ്റേഷൻ: കോട്ടയം റെയിൽവേ സ്റ്റേഷൻ, തേക്കടിയിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ

റോഡ്‌ മാര്‍ഗ്ഗം

കോട്ടയം, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സമീപ നഗരങ്ങളിൽ നിന്നെല്ലാം ഇവിടേയ്ക്ക് ബസ് സർവ്വീസുകളുണ്ട്. അടുത്തുള്ള നഗരങ്ങളിൽ നിന്ന് ടാക്സി ക്യാബുകൾ ബുക്ക് ചെയ്‌തും തേക്കടിയിലേക്ക് പോകാം .