മൂന്നാർ
ദിശമുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് അരുവികൾ സംയോജിക്കുന്നിടത്താണ് മൂന്നാർ ജന്മമെടുക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 1,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽസ്റ്റേഷൻ മുൻ ബ്രിട്ടീഷ് സർക്കാരിന്റെ സൗത്ത് ഇന്ത്യയിലെ വേനൽക്കാല വസതിയായിരുന്നു. തേയിലത്തോട്ടങ്ങൾ, മനോഹരമായ നഗരങ്ങൾ, വളഞ്ഞ വഴികൾ, അവധിക്കാല സൗകര്യങ്ങൾ തുടങ്ങിയവ മൂന്നാറിനെ ഒരു ജനകീയ റിസോർട്ട് പട്ടണമാക്കി മാറ്റി. വനങ്ങളും പുൽമേടുകളുമെല്ലാം ധാരാളം കാണപ്പെടുന്ന ഇവിടെയുള്ള വിചിത്രമായ സസ്യജാലങ്ങളിൽ ഒന്നാണ് നീലക്കുറിഞ്ഞി . പന്ത്രണ്ടു വർഷത്തിലൊരിക്കൽ പുൽമേടുകൾ നീല നിറത്തിൽ പുതപ്പിക്കുന്ന ഈ പുഷ്പം അടുത്തതായി 2018 ൽ പൂക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ 2,695 മീറ്ററിലധികം ഉയരമുള്ള ആനമുടി മൂന്നാറിൽ സ്ഥിതിചെയ്യുന്നു. ട്രക്കിംഗിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആനമുടി.
മൂന്നാറിലെ മനോഹരമായ മലനിരകൾ സന്ദർശിക്കുന്നതിനോടൊപ്പം ആസ്വദിക്കാൻ സാധിക്കുന്ന ചുറ്റുപാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം
ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിനടുത്തുള്ള പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇരവികുളം നാഷണൽ പാർക്ക്. വംശനാശ ഭീഷണി നേരിടുന്ന വരയാടുകൾ പ്രസിദ്ധമാണ് ഈ സ്ഥലം. 97 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ പാർക്ക് അപൂർവ്വങ്ങളായ നിരവധി ചിത്രശലഭങ്ങളെയും മൃഗങ്ങളെയും പക്ഷികളെയും ഉൾക്കൊള്ളുന്നു. ട്രെക്കിംഗിന് പറ്റിയ സ്ഥലമാണ് പാർക്ക്. മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന തേയിലത്തോട്ടങ്ങളുടെ ആകർഷണീയത ഇവിടെ കാണാം. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പശ്ചിമഘട്ട മലനിരകളിൽ നീലക്കുറിഞ്ഞി പൂക്കുന്നതോടെ ഈ പ്രദേശം നീല പുതച്ച് ധാരാളം സന്ദർശകരെ ആകർഷിക്കും.
ആനമുടി
ഇരവികുളം ദേശീയ ഉദ്യാനത്തിനകത്ത് സ്ഥിതി ചെയ്യുന്ന കൊടുമുടിയാണ് ആനമുടി. 2700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. ഈ കൊടുമുടിയിൽ ട്രെക്കിങ് അനുവദിക്കുന്നത് എരവികുളം വനം വന്യജീവി അധികൃതരുടെയും അനുമതിയോടെയാണ്.
മാട്ടുപ്പെട്ടി
മൂന്നാറിൽ നിന്ന് 13 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി സന്ദർശകർക്ക് മറ്റൊരു പ്രധാന ആകർഷണകേന്ദ്രമാണ്. സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി ഡാമും മനോഹരമായ തടാകവും അതിലെ ബോട്ട് സവാരിയും സന്ദർശകർക്ക് ചുറ്റുപാടുമുള്ള മലനിരകളും പുല്മേടുകളും ആസ്വദിക്കാൻ അവസരമൊരുക്കുന്നു. ഇൻഡോ-സ്വിസ് ലൈവ് സ്റ്റോക്ക് പ്രോജക്ട് നടപ്പിലാക്കുന്ന മാട്ടുപ്പെട്ടി പശുവളർത്തൽ കേന്ദ്രത്തിൽ ഉല്പാദന ശേഷി കൂടിയ വ്യത്യസ്ത ഇനം പശുക്കള കാണാൻ സാധിക്കും.
പള്ളിവാസൽ
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി പദ്ധതിയുടെ വേദിയാണ് മൂന്നാറിലെ ചിത്തിരപുരത്തു നിന്ന് 3 കിലോമീറ്റർ അകലെയുള്ള പള്ളിവാസൽ. പ്രകൃതി ഭംഗി നിറഞ്ഞ ഇവിടം സന്ദർശകകർക്ക് പ്രിയപ്പെട്ട പിക്നിക് കേന്ദ്രമാണ്.
ചിന്നക്കനാലും ആനയിറങ്കലും
പവർ ഹൗസ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം മൂന്നാർ ടൗണിന് സമീപത്താണ്. സമുദ്രനിരപ്പിൽ നിന്ന് 2000 മീ. ഉയരമുള്ള കുത്തനെയുള്ള പാറക്കൂട്ടത്തിൽ നിന്ന് നിപതിക്കുന്ന ഈ വെള്ളച്ചാട്ടം പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ചിന്നക്കനാൽ നിന്ന് ഏഴ് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ആനയിറങ്കലിൽ എത്താം. തേയിലത്തോട്ടങ്ങളുടെ പച്ച പുതച്ചുകിടക്കുന്ന സ്ഥലമാണ് മൂന്നാറിൽ നിന്ന് 22 കിലോമീറ്റർ അകലെ മൂന്നാർ-കുമളി റൂട്ടിലുള്ള ആനയിറങ്കൽ ജലാശയം. മനോഹരമായ റിസർവോയറിലേക്കുള്ള യാത്ര ഒരു അവിസ്മരണീയമായ അനുഭവമാണ്. ആനയിറങ്കൽ അണക്കെട്ട് തേയിലത്തോട്ടങ്ങളാലും നിത്യഹരിത വനങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു.
ടോപ്പ് സ്റ്റേഷൻ
മൂന്നാറിൽ നിന്നും 32 കിലോമീറ്റർ അകലെ സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിലാണ് ടോപ്പ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മൂന്നാർ-കൊടൈക്കനാൽ റോഡിലെ ഏറ്റവും ഉയർന്ന സ്ഥലമാണ് ഇത്. മൂന്നാറിലെത്തുന്ന സന്ദർശകർ അയൽ സംസ്ഥാനമായ തമിഴ്നാടിന്റെ ദൃശ്യം ആസ്വദിക്കാൻ ടോപ്പ് സ്റ്റേഷൻ സന്ദർശിക്കാറുണ്ട്. 12 വർഷത്തിലൊരിക്കൽ നീലകുറിഞ്ഞി പൂവിടുമ്പോൾ അത് ആസ്വദിക്കാനുള്ള പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ഇത്.
ടീ മ്യൂസിയം
തേയിലത്തോട്ടങ്ങളുടെ ഉത്ഭവവും പരിണാമവും സംബന്ധിച്ച് മൂന്നാറിന് സ്വന്തമായി ഒരു പാരമ്പര്യമുണ്ട്. തേയിലത്തോട്ടങ്ങളുടെ ഉത്ഭവവും വളർച്ചയും സംബന്ധിച്ച ചില മികച്ചതും രസകരവുമായ വസ്തുക്കൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം ഏതാനും വർഷങ്ങൾക്കു മുമ്പ് മൂന്നാറിലെ ടാറ്റ ടീ ആരംഭിച്ചു. ഈ ചായ മ്യൂസിയത്തിൽ മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ ഉത്ഭവത്തെയും വളർച്ചയെയും കുറിച്ച് മനസ്സിലാക്കാനുതകുന്ന ശില്പങ്ങൾ, ചിത്രങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു. മൂന്നാറിലെ ടാറ്റ ടീയിലെ നല്ലതണ്ണി എസ്റ്റേറ്റിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
ചിത്രസഞ്ചയം
എങ്ങിനെ എത്താം :
വായു മാര്‍ഗ്ഗം
ആലുവാ മൂന്നാർ റോഡിൽ 108 കിലോമീറ്റർ യാത്രചെയ്താൽ ഏറ്റവും അടുത്ത വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്താം
ട്രെയിന്‍ മാര്‍ഗ്ഗം
അടുത്തുള്ള റെയിൽ വേ സ്റ്റേഷനുകളായ ആലുവാ 108 കിലോമീറ്ററും അങ്കമാലി 109 കിലോമീറ്ററും അകലെയാണ്
റോഡ് മാര്‍ഗ്ഗം
കൊച്ചിയിൽ നിന്ന് 130 കിലോമീറ്റർ അകലെയാണ് മൂന്നാർ സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവേ 49 ലൂടെ റോഡ് മാർഗ്ഗം 4.5 മണിക്കൂർ എടുക്കും. മധുരയിൽ നിന്നും ഏകദേശം 153 കിലോമീറ്റർ അകലെയാണ് മൂന്നാർ. മൂന്നാർ മുതൽ കോയമ്പത്തൂർ വരെയുള്ള ദൂരം 160 കിലോമീറ്ററാണ്. 4 മണിക്കൂർ യാത്ര കൊണ്ട് എത്തിച്ചേരാം