ചരിത്രം
1972 ജനുവരി 24-)o തീയതി പുറപ്പെടുവിച്ച 54131/സി2/71/ആര്‍.ഡി എന്ന നമ്പരിലുള്ള വിജ്ഞാപനമനുസരിച്ച് 1972 ജനുവരി 26-)o തീയതി ഇടുക്കി ജില്ല നിലവില്‍ വന്നു. മുമ്പ് കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളും എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലൂക്കും (കല്ലൂര്‍ക്കാട് വില്ലേജ്, മാഞ്ഞല്ലൂര്‍ വില്ലേജിന്‍റെ ഏതാനും ഭാഗങ്ങൾ എന്നിവയെ ഒഴിവാക്കി ബാക്കി കല്ലൂര്‍ക്കാട്, മാഞ്ഞല്ലൂര്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി) ദേവികുളം താലൂക്കും ചേര്‍ന്ന് ഇടുക്കി ജില്ല രൂപംകൊണ്ടു. 1972 ഫെബ്രുവരി 14ന് നിലവില്‍ വന്ന തുടർ വിജ്ഞാപനം നമ്പർ 7754/സി2/72/ആര്‍.ഡി അനുസരിച്ച് നിയമാധികാരം ക്രമേണ കൈമാറ്റപ്പെട്ടു. മലയിടുക്ക് എന്നര്‍ത്ഥമുള്ള ഇടുക്ക് എന്ന വാക്കിൽ നിന്നാണ് ഇടുക്കി എന്ന പേര് ഈ ജില്ലക്ക് വന്നത്.
29.10.1982 ലെ ജി.ഒ(എം.എസ്) നം.1026/82/ആര്‍.ഡി അനുസരിച്ച് വടക്ക് പമ്പാവാലി ഭാഗങ്ങളും പീരുമേട് താലൂക്കിലെ മ്ലാപ്പാറ വില്ലേജിലെ ശബരിമല സന്നിധാനവും ചുറ്റുമുള്ള ഭാഗങ്ങളും പത്തനംതിട്ട ജില്ലയിലേക്ക് മാറ്റപ്പെട്ടു. ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി, തൊടുപുഴ, പീരുമേട് എന്നീ അഞ്ച് താലൂക്കുകളാണ് ഇപ്പോൾ ഇടുക്കി ജില്ലയിലുള്ളത്.
ജില്ലയുടെ മുന്‍ചരിത്രം വ്യക്തമല്ല. പുരാതന കാലഘട്ടത്തെപ്പറ്റിയും വേണ്ടത്ര തെളിവുകള്‍ ലഭ്യമായിട്ടില്ല. മലനിരകളില്‍ കാണപ്പെടുന്ന വൃത്താകൃതിയിലുള്ള നിലവറകള്‍ (പാണ്ടുകുഴികള്‍), ശവക്കല്ലറകള്‍, സ്തംഭങ്ങൾ, കല്ലുകൊണ്ടുള്ള കുഴിമാടങ്ങൾ മുതലായവ മെഗാലിത്തിക് കാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തുന്നു.
ദേവികുളം താലൂക്കിലെ അഞ്ചുനാട് വാലിയിലെ മറയൂര്‍, വണ്ടിപ്പെരിയാറിനടുത്തുള്ള തേങ്ങാക്കല്‍, ബൈസണ്‍വാലി, തൊണ്ടാര്‍മലൈ മുതലായ മേഖലകളില്‍ സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തിയ ഉല്‍ഖനനങ്ങൾ ചരിത്രാതീതകാലത്തുണ്ടായിരുന്ന സംസ്കാരത്തെപ്പറ്റി വ്യക്തമായ സൂചന നല്‍കുന്നു. ഈ തെളിവുകളെല്ലാം വിരല്‍ചൂണ്ടുന്നത് ഈ ജില്ലക്ക് പുരാതനകാലത്ത് സുഗന്ധവ്യജ്ഞനങ്ങളുടെ കച്ചവടത്തില്‍ ഉണ്ടായിരുന്ന പ്രാധാന്യത്തിലേക്കാണ്. കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളുടെ കച്ചവടത്തിൽ കേരളത്തിലെ മറ്റെല്ലാ ജില്ലകളെക്കാളും മുന്‍പിലായിരുന്നു ഇടുക്കി.
മുന്‍ ചേര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന കുഴുമൂർ ഇന്നത്തെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ കുമളിയായിരുന്നുവെന്ന് ചില ചരിത്രകാരന്‍മാർ വിശ്വസിക്കുന്നു. കുലശേഖരന്‍മാരുടെ ഭരണകാലത്ത് ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകള്‍ ഉള്‍പ്പെട്ട നന്തുസൈനാടും വെമ്പൊലിനാടും കോട്ടയം ജില്ല മുഴുവനായുള്ള മഞ്ചുനാടും തൊടുപുഴ താലൂക്ക് ഉള്‍പ്പെട്ട കുഴുമേലൈനാടും കുലശേഖര സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. ഏതാണ്ട് 1100- എ.ഡി യോടുകൂടി വെമ്പൊലിനാട്, വടക്കുംകൂര്‍, തെക്കുംകൂര്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുകയും തൊടുപുഴ താലൂക്കിലെ കാരിക്കോട്, വടക്കുംകൂര്‍ രാജാക്കന്‍മാരുടെ ആസ്ഥാനമായി മാറുകയും ചെയ്തു. ഈ വടക്കുംകൂര്‍ രാജാക്കന്‍മാര്‍ ഒരു നീണ്ട കാലയളവ് മുഴുവനും പെരുമ്പടപ്പ് സ്വരൂപത്തിന് കീഴിലായിരുന്നു. അക്കാലത്ത് തെക്കുംകൂറായിരുന്നു ഏറ്റവും പ്രബലമായ രാജ്യമെങ്കിലും വിവിധ സാഹചര്യങ്ങളില്‍ അവ ര്‍ കൊച്ചി, വടക്കുംകൂര്‍ രാജ്യങ്ങളുമായി കലഹം പതിവായിരുന്നു.
മലനിരകളിലെ കുരുമുളകിന്‍റെ അധികവിളവ് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയെ ആകര്‍ഷിച്ചു. 1664 ജൂൺ 16 ലെ ഔദ്യോഗിക പെരുമാറ്റ രീതി അനുസരിച്ച് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിക്ക് തെക്കുംകൂര്‍ രാജാക്കന്‍മാരുമായി കറുവാപ്പട്ട, കറുപ്പ് മുതലായവയുടെ കച്ചവടക്കരാര്‍ ഉണ്ടായിരുന്നു. പാണ്ഡ്യരാജാവായ മാനവിക്രമ കുലശേഖരപെരുമാളും കുടുംബവും കേരളത്തിലേക്ക് വരികയും വടക്കുംകൂറില്‍ അഭയാര്‍ത്ഥികളും വാസമുറപ്പിക്കുകയും ചെയ്തു. ഈ പാണ്ഡ്യരാജാവ് വടക്കുംകൂര്‍ രാജാവിന്‍റെ സഹായത്തോടെ പശ്ചിമഘട്ടത്തിന്‍റെ പടിഞ്ഞാറ് പൂഞ്ഞാര്‍ എന്ന പ്രദേശം തെക്കുംകൂര്‍ രാജാവില്‍ നിന്നും വിലയ്ക്ക് വാങ്ങി. അങ്ങനെ പൂഞ്ഞാറിന്‍റെ പാരമ്പര്യം അതിന്‍റെ എല്ലാ മഹത്വത്തോടും അവകാശങ്ങളോടുംകൂടി പാണ്ഡ്യരാജാവിനെ സ്വാധീനിക്കുകയും തെക്കുംകൂര്‍ രാജാവിന്‍റെ മുമ്പിൽ പാണ്ഡ്യരാജാവിന്‍റെ രാജത്വം വെളിപ്പെടുകയും ചെയ്തു. 15-)o നൂറ്റാണ്ടില്‍ പൂഞ്ഞാർ രാജാവ് പീരുമേട് മുതല്‍ ദേവികുളം വരെയുള്ള മലനിരകൾ സ്വന്തമാക്കി. 1749-50 കളിൽ തെക്കുംകൂറും വടക്കുംകൂറും തമ്മിലുള്ള ലയനത്തിനുശേഷം ഉടന്‍തന്നെ പൂഞ്ഞാറിന്‍റെ പ്രാധാന്യവും പദവിയും തിരുവിതാംകൂറുമായി യോജിച്ചു. ശേഷം പൂഞ്ഞാറിന്‍റെ ചരിത്രം തിരുവിതാംകൂര്‍ ചരിത്രവുമായി ലയിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്വാതന്ത്ര്യ സമരങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇടുക്കി ജില്ലയില്‍ സ്വാതന്ത്ര്യസമരങ്ങൾ വളരെയധികം കുറവായിരുന്നു.
നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോൾ തിരുവിതാംകൂര്‍ സംസ്ഥാനത്തിൽ 4 റവന്യൂ ഡിവിഷനുകള്‍ ഉണ്ടായിരുന്നു. ഒരു നികുതി ഘടകമായിരുന്നില്ല, എങ്കില്‍ക്കൂടി ഏലക്കുന്നുകൾ അധികാര ആസൂത്രണ, ഔദ്യോഗിക ജനസംഖ്യയെടുക്കലുകളില്‍ ഒരു പ്രത്യേക വിഭാഗമായി കണക്കാക്കപ്പെട്ടു. 1909 ൽ സംസ്ഥാനത്തെ അഞ്ചാമത്തെ റവന്യൂ ഡിവിഷൻ നിലവില്‍ വന്നു. കോട്ടയം ഡിവിഷനോട് ചേര്‍ന്നിരിക്കുന്ന താലൂക്കുകളും നവീകരിക്കപ്പെട്ട ദേവികുളം മേഖലകളും ചേര്‍ന്നതായിരുന്നു ഹൈറേഞ്ച് ഡിവിഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട അഞ്ചാമത്തെ റവന്യൂ ഡിവിഷന്‍. അടുത്ത ശതവര്‍ഷത്തിൽ നിയമാധികാരത്തിൽ മാറ്റമൊന്നുമില്ലായിരുന്നു. എന്നാല്‍ 1931-41 കാലയളവിൽ ഹൈറേഞ്ച് ഡിവിഷൻ നോര്‍ത്തേൺ ഡിവിഷനുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. 1956 സെപ്തംബർ മാസംവരെ നിയമാധികാരത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. എന്നാല്‍ 1956 ഒക്ടോബര്‍ 1ന് ദേവികുളം താലൂക്കില്‍ നിന്ന് രണ്ട് വില്ലേജുകളും പീരുമേട് താലൂക്കില്‍ നിന്ന് ഒരു വില്ലേജും കൂട്ടിച്ചേര്‍ത്ത് ഉടുമ്പന്‍ചോല താലൂക്കിന് അധികാരം നല്‍കപ്പെട്ടു.
ഈ ജില്ലയിലെ ജനതയുടെ ചരിത്രം അടുത്ത കാലത്തുണ്ടായതാണ്. ശൈത്യമേറിയ കാലാവസ്ഥയോടും ക്രൂരവന്യമൃഗങ്ങളോടും പകര്‍ച്ചവ്യാധികളോടും പടവെട്ടിയുണ്ടാക്കിയ ഒരു കുടിയേറ്റത്തിന്‍റെ ചരിത്രമാണിത്. തൊഴിലിന്‍റെയും തൊഴിൽ പോരാട്ടങ്ങളുടെയും ചൂണഷത്തിന്‍റെ ചരിത്രം കൂടിയാണിത്. ശ്രീ. ടി.കെ. നാരായണപിള്ളയുടെ മന്ത്രിസഭാകാലത്ത് സംസ്ഥാനത്ത് ഗ്രോ മോര്‍ ഫുഡ് ക്യാമ്പയിൻ നടപ്പാക്കിയ കാലത്താണ് ഈ ജില്ലയില്‍ ജനാധിവാസം കൂടുതലായി ഉണ്ടായത്. ഇന്നത്തെ ജനത്തിന്‍റെ ആരംഭ സ്ഥാനവും ചെറുപതിപ്പും ആയത് തോട്ടക്കൃഷിക്കാരായിരുന്ന പഴയ കുടിയേറ്റക്കാരായിരുന്നു. ശ്രീ. പട്ടം താണുപിള്ളയുടെ മന്ത്രിസഭാകാലത്താണ് ചിട്ടയോടുകൂടിയ അധിനിവേശം തുടങ്ങിയത്. ഉടുമ്പന്‍ചോല താലൂക്കിലെ കല്ലാർ പട്ടം കോളനി ശ്രീ. പട്ടം താണുപിള്ളയുടെ പേര് വഹിക്കുന്നതിന് കാരണവും ഇതാണ്. ഈ ജില്ലയിലെ ജനജീവിത രീതിയിൽ തമിഴ് സ്വാധീനം കടന്നുവന്നത് ഈ നൂറ്റാണ്ടിന്‍റെ ആരംഭ പതിറ്റാണ്ടുകളിൽ നടന്ന ഒരു സംഭവ കഥയില്‍ നിന്നാണ്. മുല്ലപ്പെരിയാറില്‍ അണക്കെട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം മേല്‍നോട്ടം വഹിക്കുകയായിരുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് ഒരിക്കല്‍ ദാഹം തോന്നിയപ്പോൾ അങ്കുര്‍ റാവുത്തര്‍ എന്ന ആട്ടിടയന്‍ ആടിന്‍റെ അകിടില്‍ നിന്ന് അപ്പോൾ കറന്നെടുത്ത പാല്‍ കൊടുത്തു എന്നതാണ് ആ സംഭവം. സംപ്രീതനായ മഹാരാജാവ് വിശാലമായ ഒരു വനപ്രദേശം ആ ആട്ടിയടന് നല്‍കിയെന്നും ആട്ടിടയന്‍റെ പിന്‍മുറക്കാർ വനഭൂമി തമിഴ്നാട്ടിലെ പല ഭൂവുടമകള്‍ക്ക് വിറ്റെന്നും അവർ ഈ വനഭൂമി ഏല-തേയില തോട്ടങ്ങളാക്കി മാറ്റിയെന്നും വിവരിക്കുന്നു. ബ്രട്ടീഷുകാര്‍ തങ്ങളുടെ വേനല്‍ക്കാല വസതികള്‍ക്കായി മൂന്നാർ തിരഞ്ഞെടുത്തപ്പോൾ മൂന്നാറും ക്രമേണ വികസന പടവുകള്‍ കയറി. മൂന്നാറില്‍ തമിഴ് ജനത കൂടുതലായി വര്‍ദ്ധിച്ചപ്പോൾ മൂന്നാർ ഒരു തമിഴ് ഭൂരിപക്ഷ പ്രദേശമായി മാറി.